ബഹിരാകാശ ഗവേഷണചരിത്രത്തില്‍ ഇന്ത്യ പുതിയൊരു യുഗം


ചൊവ്വയുടെ ഭ്രമണപഥത്തില്‍ മംഗള്‍യാന്‍ പ്രദക്ഷിണം തുടങ്ങിയ മംഗളമുഹൂര്‍ത്തത്തിലൂടെ ലോകം കടന്നുപോകുമ്പോള്‍ ബഹിരാകാശ ഗവേഷണചരിത്രത്തില്‍ ഇന്ത്യ പുതിയൊരു യുഗം കുറിച്ചിരിക്കുകയാണ്. ചൊവ്വാദൗത്യത്തില്‍ പ്രഥമശ്രമം തന്നെ വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ രാജ്യം എന്നത്്് മുഴുവന്‍ ഇന്ത്യക്കാരെയും അഭിമാനപുളകങ്ങള്‍ പുതപ്പിക്കുന്നു. തീര്‍ച്ചയായും ഇതിന് നാം കടപ്പെട്ടിരിക്കുന്നത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തോടാണ്. ഐ.എസ്.ആര്‍.ഒ ചെയര്‍മാനും സ്‌പേസ് സെക്രട്ടറിയുമായ ഡോ. കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ബ്രിട്ടന്‍, ചൈന, ജപ്പാന്‍ തുടങ്ങിയ ലോകശക്തികള്‍ പരാജയപ്പെട്ടിടത്താണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത് എന്ന വസ്തുതയും ഓര്‍മിക്കേണ്ടതുണ്ട്. 66.6 കോടി കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന പേടകം നിര്‍മിക്കാന്‍ സാധിച്ചു എന്നതാണ് ഇന്ത്യക്ക് നേട്ടമായി മാറിയത്. മാര്‍ഗഭ്രംശം സംഭവിക്കാതെ പേടകത്തെ നിയന്ത്രിക്കാന്‍ സാധിച്ചതും മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജം പകര്‍ന്നു.

നേട്ടത്തിന് പിന്നില്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രപ്രതിഭകള്‍ രാജ്യത്തിന്റെ മാത്രമല്ല, നാസ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെ വരെ ആശംസക്കും അഭിനന്ദനത്തിനും പാത്രീഭൂതരായി മാറിയിരിക്കുന്നു എന്ന വസ്തുത ഇന്ത്യയെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. ഈ വിജയത്തിന് പിന്നില്‍ ഒട്ടേറെ മലയാളികളായ ശാസ്്ത്രജ്ഞന്മാരുടെ സമര്‍പ്പിത പരിശ്രമത്തിന്റെ കഥകളുണ്ട്്്. മംഗള്‍യാനെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഉപയോഗിച്ച ലിക്വിഡ് അപ്പോജി മോട്ടോര്‍ (ലാം) വികസിപ്പിച്ചെടുത്തത് മലയാളിയായ ശാസ്ത്രജ്ഞന്‍ സി.ജി ബാലനാണ്. ചൊവ്വാ പര്യവേഷണ പേടകമായ മംഗള്‍യാനുവേണ്ടി 400 കിലോഗ്രാം ക്രോമേറ്റ് ഖര ഇന്ധനം നിര്‍മിച്ചു നല്‍കിയത് പാലക്കാട് മുന്നൂര്‍ക്കോട് ഗ്രാമത്തിലെ മപ്പാട്ട് മഠത്തില്‍ എം.കെ വെങ്കിടകൃഷ്ണനാണ്. വിക്ഷേപണ വാഹനത്തിന്റെ ഇന്ധനസംയുക്തം തയാറാക്കിയത്് ആലുവയിലെ ഐ.എസ്.ആര്‍.ഒ സ്ഥാപനമാണ്.

ഇങ്ങനെ ഐ.എസ്.ആര്‍.ഒയുടെ ചൊവ്വ പര്യവേഷണത്തിന് പിന്നില്‍ ധാരാളം മലയാളി മുഖങ്ങളുണ്ട്്്. എന്നാല്‍ ഐ.എസ്.ആര്‍.ഒ ബഹിരാകാശ ഗവേഷണചരിത്രത്തില്‍ ദൂരങ്ങളും വേഗങ്ങളും താണ്ടുമ്പോള്‍ നാം വിസ്മരിക്കുന്ന ഒരു പേരുകാരനുണ്ട്. നമ്പി നാരായണന്‍! ഐ.എസ്.ആര്‍.ഒയില്‍ ശാസ്ത്രജ്ഞന്‍ എന്നതിലുപരി ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ പ്രതി എന്ന നിലയില്‍ മാധ്യമങ്ങള്‍ അതിക്രൂരമായി വിചാരണ ചെയ്ത നമ്പി നാരായണനെ ആ ചരിത്ര മുഹൂര്‍ത്തത്തില്‍ മാധ്യമങ്ങള്‍ വേണ്ടത്ര പരിഗണിച്ചുവോ എന്നറിയില്ല. ചാരക്കേസ് വെണ്ണീറായി മാറിയെങ്കിലും നമ്പി നാരായണന്റെ മനസ്സില്‍ അതിന്നും ചാരം മൂടിയ കനലായി അവശേഷിക്കുന്നുണ്ടാവണം.

1963ലാണ് ഐ.എസ്.ആര്‍.ഒ പ്രവര്‍ത്തനമാരംഭിക്കുന്നത്. 66ലാണ് നമ്പി നാരായണന്‍ അവിടെയെത്തുന്നത്. അന്ന് ഡോ. വിക്രം സാരാഭായി ആയിരുന്നു ചെയര്‍മാന്‍. റോക്കറ്റുകള്‍ ഡവലപ് ചെയ്യുന്ന ചെറിയ പ്രവൃത്തികളിലൂടെയാണ് നമ്പി നാരായണന്‍ ഐ.എസ്.ആര്‍.ഒവിലൂടെ വളര്‍ന്നു വരുന്നത്. മധുരയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങിന് പഠിക്കുമ്പോള്‍ തന്നെ ബഹിരാകാശ ഗവേഷണ വിഷയങ്ങളില്‍ താല്‍പര്യമുള്ള ആളായിരുന്നു നമ്പി നാരായണന്‍. 66ല്‍ ഐ.എസ്.ആര്‍.ഒയില്‍ എത്തിയതോടെ ആ യുവശാസ്ത്രജ്ഞന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചു. വിക്രംസാരാഭായിയുടെ ഉത്സാഹത്തില്‍ അമേരിക്കയില്‍ ഗവേഷണം നടത്താനുള്ള അവസരം കൈവന്നത് മറ്റൊരു വരദാനമായി. നാസാ ഫെലോഷിപ്പ് ലഭിച്ചതും വഴിത്തിരിവായി. ലിക്വിഡ് ഫ്യൂവല്‍ മെയ്ഡ് റോക്കറ്റുകളുടെ ആശയവുമായാണ് നമ്പി നാരായണന്‍ ഐ.എസ്.ആര്‍.ഒയില്‍ ശ്രദ്ധേയനാവുന്നത്.

ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ സോളിഡ് ഫ്യൂവല്‍ മെയ്ഡ് റോക്കറ്റുകളുടെ പ്രൊജക്ടുകള്‍ നടക്കുന്ന കാലത്താണ് പുതിയ പരീക്ഷണവുമായി നമ്പി നാരായണന്‍ എത്തിയത്. തന്റെ പരീക്ഷണങ്ങള്‍ ഐ.എസ്.ആര്‍.ഒ മേധാവികളെ ധരിപ്പിക്കാനും ശാസ്ത്രലോകത്തിന്റെ അംഗീകാരം നേടാനും അദ്ദേഹത്തിന് ഏറെ ക്ലേശിക്കേണ്ടിവന്നു. എന്നാല്‍ വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ ഫലം കണ്ടു. ആശയങ്ങള്‍ അംഗീകരിക്കപ്പെട്ടു. അതിനിടെയാണ് ചാരക്കേസ് ധൂമകേതുവായി ആ ജീവിതത്തില്‍ പതിക്കുന്നത്. നമ്പി നാരായണന്‍ വലിയമല എല്‍.പി.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ 1994 നവംബര്‍ ഒടുവിലാണ് ചാരക്കേസിന്റെ ഉത്ഭവം. ഐ.എസ്.ആര്‍.ഒ നടത്താന്‍ പോകുന്ന ബഹിരാകാശ ദൗത്യങ്ങളുടെ പ്രധാന സൂത്രധാരന്‍ എന്ന നിലയില്‍ നമ്പി നാരായണന്‍ ഉയര്‍ന്നുവരുമ്പോഴാണ് ചാരക്കേസ് പ്രചാരത്തിലെത്തുന്നത്്.

ദേശീയ സുരക്ഷിതത്വം അട്ടിമറിച്ചുകൊണ്ട്്് ശാസ്ത്രരഹസ്യങ്ങള്‍ ചോര്‍ത്തികൊടുത്തു എന്നതായിരുന്നു കുറ്റം. നാലുകോടിയോളം പ്രതിഫലം പറ്റിയെന്നും ആരോപണമുയര്‍ന്നു. കുട്ടിയെ പഠിപ്പിക്കാന്‍ മാലിയില്‍ നിന്നെത്തിയ മറിയം റഷീദക്കും ഫൗസിയ ഹസനും ഐ.എസ്.ആര്‍.ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്തു എന്ന വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്. സംഭവങ്ങളുടെ സത്യാവസ്ഥ അറിയാതെ മാധ്യമങ്ങള്‍ ആഘോഷം തുടങ്ങി. നമ്പി നാരായണനെ വ്യക്തിഹത്യ നടത്താന്‍ എന്തെല്ലാം വഴി തേടാമോ അതെല്ലാം ഉണ്ടായി. കേന്ദ്ര ആഭ്യന്തരമന്ത്രി വരെ ഇടപെട്ട കേസായി സംഭവം മാറി.

ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്‍ ശശികുമാറിനെയാണ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. 1994 നവംബര്‍ 30ന് രാവിലെ നമ്പി നാരായണന്‍ അറസ്റ്റിലായി. അമ്പത് ദിവസം ജയിലില്‍ കിടന്നു. ചോദ്യം ചെയ്യല്‍ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് വഴിമാറി. രാജ്യത്തെ വിറ്റു കാശാക്കിയവന്‍ എന്നായിരുന്നു ആരോപണം. സി.ബി.ഐയുടെ ചോദ്യം ചെയ്യലിലും ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചില്ല. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഏകാന്തവാസവും അനുഭവിക്കേണ്ടിവന്നു. ഒടുവില്‍ പരമോന്നത നീതിപീഠം കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുമ്പോള്‍ ചാരക്കേസിന്റെ പേരില്‍ കഥകള്‍ നിരത്തിയ മാധ്യമങ്ങള്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. ഒന്നു ക്ഷമ ചോദിക്കാനുള്ള മാന്യത പോലും പത്രങ്ങളിലെ കഥയെഴുത്തുകാര്‍ കാട്ടിയില്ല. അദ്ദേഹത്തിന് നഷ്ടപ്പെട്ടത് ജീവിതമാണ്.

ശാസ്ത്രലോകത്തെ നിര്‍ണായകമായ നേട്ടങ്ങളാണ്. നമ്പി നാരായണനുവേണ്ടി അന്നും പിന്നീടും സംസാരിക്കാന്‍ അധികം മാധ്യമങ്ങള്‍ ഉണ്ടായിരുന്നില്ല. 'ചന്ദ്രിക' പത്രവും എഴുത്തുകാരന്‍ സക്കറിയ, മാധ്യമപ്രവര്‍ത്തകരായ കെ.എം റോയ്, റഹീം മേച്ചേരി തുടങ്ങിയവരും മാത്രമാണ് നമ്പി നാരായണനെതിരായ ആക്രമണത്തെ പ്രതിരോധിക്കാനുണ്ടായിരുന്നത്.
മംഗള്‍യാന്‍ ആഹ്ലാദചരിത്രം രചിക്കുമ്പോള്‍ നമ്പി നാരായണന് അഭിമാനിക്കാന്‍ വേറെയും വഴികളുണ്ട്. അദ്ദേഹത്തിന്റെ മരുമകന്‍ ഡോ. എസ്. അരുണന്‍ ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടറാണ്.

തനിക്ക് കഴിയാതെ പോയത് മരുമകന്‍ യാഥാര്‍ത്ഥ്യമാക്കിയെന്ന ചാരിതാര്‍ത്ഥ്യം മാധ്യമങ്ങളും പൊതുസമൂഹവും ഒരുകാലത്ത് നല്‍കിയ അപമാനത്തെ കഴുകിക്കളയും എന്ന് പ്രതീക്ഷിക്കാം. ഏതായാലും ശാസ്ത്രലോകത്തെ ഉന്നത സ്ഥാനത്തുനിന്ന് ഒരാളെ പിടിച്ചിറക്കി നിന്ദയുടെ ലോകത്തിലൂടെ വലിച്ചിഴച്ചതില്‍ പങ്കാളികളായ എല്ലാവരും തലകുനിക്കേണ്ടതുണ്ട്്.


Previous Post Next Post