സ്നേഹവും സഹനവുമാണ് ബലി പെരുന്നാളിന്‍റെ പൊരുള്‍


www.kolathurvartha.com


ഖലീലുള്ളാഹി ഇബറാഹീം നബി(അ)ന്‍റെയും പ്രിയപുത്രന്‍ ഇസ്മാഈല്‍(അ)ന്‍റെയും പ്രിയപത്നി ഹാജര്‍(റ)യുടെയും പുണ്യസ്മരണകളുണര്‍ത്തി ഒരു ബലിപെരുന്നാള്‍ സുദിനം കൂടി സമാഗതമായിരിക്കുന്നു.ജീവിതത്തില്‍ പ്രയാസങ്ങളും പ്രതിസന്ധികളും പരീക്ഷണങ്ങളും കുമിഞ്ഞു കൂടിയപ്പോഴും വിശ്വാസത്തിന്‍റെ ബലം കൊണ്ട് അവയെ എങ്ങിനെ തരണം ചെയ്യാമെന്ന് ആ പ്രവാചകകുടുംബത്തിന്‍റെ ജീവിത ചരിത്രം നമ്മെ പഠിപ്പിച്ചു. ഒരു വ്യക്തിക്ക് എങ്ങിനെ ഒരു സമൂഹമായി പ്രതിഫലിക്കാന്‍ കഴിയുമെന്ന് ആപ്രവാചകര്‍ സ്വന്തം ജീവിതത്തിലൂടെ നമുക്ക് കാണിച്ച് തന്നു. വിശുദ്ധ ഖുര്‍ആന്‍ തന്നെ അവരെ വിശേഷിപ്പിച്ചത് "ഉമ്മത്ത്" സമുദായം എന്നാണ്.


"തീര്‍ച്ചയായും ഇബ്റാഹീം അള്ളാഹുവിന്ന് കീഴ്പ്പെട്ട് ജീവിക്കുന്ന,നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു " (വി.ഖു:16/120) 

അധര്‍മ്മങ്ങളും അനാചാരങ്ങളും തുടച്ച് നീക്കാന്‍ ഒരു ഒറ്റയാള്‍ പോരാട്ടമായിരുന്നു ആ മഹാ മനീഷി കാഴ്ചവെച്ചത്. ഇവിടെ ഒരു വിശ്വാസിക്ക് നേര് പറയാന്‍ ആരുടെയും മുഖം കറുക്കുന്നത് വിഷയമാക്കേണ്ടതില്ല. എന്നാല്‍ തന്‍റെ ഏതു ഇങ്കിതവും അടിച്ചേല്‍പ്പിക്കുകയുമരുത്. ഇതാണ് ഇസ്ലാമിക നീധിയുടെ പാഠം.

പരസ്പരമുള്ള സ്നേഹമാണ് ഈദിന്‍റെ സന്ദേശം. അതില്‍ വര്‍ഗ്ഗ-വര്‍ണ്ണ-ദേശ വ്യത്യാസങ്ങളില്ല. ധര്‍മ്മങ്ങള്‍ അധികരിപ്പിക്കുക, ബന്ധങ്ങള്‍ ചേര്‍ക്കുക ഇവയാണ് ഇസ്ലാമിക ആഘോഷങ്ങളുടെ ആത്മാവ്. ഇന്ന് ലോകത്ത് അശാന്തി പടര്‍ത്തുന്നത് വിദ്വേഷവും പകയുമാണ്. അവകള്‍ തൂത്തെറിയാന്‍ ഈ ആഘോഷവേള നമുക്ക് ഉപകരിക്കട്ടെ എന്നാശിക്കുന്നു. 

നാഥന്‍റെ വിളിക്കുത്തരം നല്‍കി ലോകത്തിന്‍റെ വിവിത ഭാഗങ്ങളില്‍ നിന്ന് വിശ്വാസി സമൂഹം മക്കയില്‍ ഒരുമിച്ച് കൂടുന്നു. സര്‍വ്വം നാഥനിലര്‍പ്പിച്ചവര്‍ പ്രാര്‍ത്ഥനാ നിരതരായി കഴിയുന്നു.
ആത്മ സമര്പ്പണത്തിന്‍റെ നിസ്തുല്യ പ്രതീകങ്ങളായിരുന്ന ഹസ്രത്ത് ഇബ്റാഹീം(അ)ന്‍റെയും കുടുംബത്തിന്‍റെയും ത്യാഗ സ്മരണകളുയര്‍ത്തുന്ന ഹജ്ജ് കര്‍മ്മത്തിനാണ് അവര്‍ സംഗമിച്ചിട്ടുള്ളത്. ഹജ്ജിന്‍റെ എല്ലാകര്‍മ്മങ്ങളും ലോകത്തോട് പറയുന്നത് മനുഷ്യന്‍ ഒന്നാണെന്ന സത്യമാണ്. പ്രതിസന്ധികള്‍ അവന്‍റെ കൂടപ്പിറപ്പാണ് എന്നും.അത് മറികടക്കാന്‍ പരസ്പര സ്നേഹ-സഹകരണത്തോടെയും,സഹനമനോഭാവത്തോടെയും ജീവിക്കണമെന്നാണ് സാരം..

ശാന്ത സുന്ദരമായ നാളെകള്‍ക്കായി പ്രാര്‍ത്തിക്കുന്നു..
സ്നേഹോഷ്മളമായ ബലിപെരുന്നാള്‍ ആശംസിക്കുന്നു...
stjifri@ gmail.com
 — 
Previous Post Next Post