ബംഗളൂരു: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. ബംഗളൂരുവിൽ ചികിത്സയിലായിരുന്നു. 79 വയസായിരുന്നു. പുലർച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കാൻസർ ബാധിച്ച ഉമ്മൻ ചാണ്ടിയെ അമേരിക്കയിൽ ചികിത്സക്ക് വിധേയനാക്കിയിരുന്നു. നിലവിൽ പുതുപ്പള്ളി മണ്ഡലത്തിൽനിന്നുള്ള ജനപ്രതിനിധി കൂടിയാണ് ഉമ്മൻ ചാണ്ടി. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ദിവസം അംഗമായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടിക്ക് സ്ന്തമാണ്. 1943 ഒക്ടോബർ 31-നാണ് ഉമ്മൻ ചാണ്ടി ജനിച്ചത്. 2020ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 20112016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു.തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ്.
Tags
News