ഹജ്ജ് തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായി
കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ്‌കമ്മിറ്റി മുഖേന ഹജ്ജിനുപോയ തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായി. അവസാനസംഘം വ്യാഴാഴ്ച പുലർച്ചെ 1.24-ന് കരിപ്പൂരിൽ വിമാനമിറങ്ങി. അവസാനവിമാനത്തിലെ തീർത്ഥാടകരെ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻകുട്ടി, ഡോ. ഐ.പി. അബ്ദുൾസലാം, കെ.പി. സുലൈമാൻ ഹാജി, പി.ടി. അക്ബർ, എക്സിക്യുട്ടീവ് ഓഫീസർ പി.എം. ഹമീദ്, അസ്സയിൻ പുളിക്കൽ, പി.കെ. മുഹമ്മദ് ഷഫീഖ്, യു. മുഹമ്മദ് റഊഫ്, ഹജ്ജ് സെൽ അംഗങ്ങൾ, സന്നദ്ധസേവകർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ജൂലായ് 13-നാണ് മടക്കയാത്ര ആരംഭിച്ചത്.
11,556 പേരാണ് ഇത്തവണ കേരളത്തിൽനിന്ന് ഹജ്ജിന് പുറപ്പെട്ടത്. ഇതിൽ 11,252 പേർ കേരളത്തിൽനിന്നുള്ളവരും 304 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ്. കോഴിക്കോട്- 7045, കണ്ണൂർ- 2030, കൊച്ചി- 2481 എന്നിങ്ങനെയായിരുന്നു മൂന്ന് വിമാനത്താവളങ്ങളിൽനിന്നും പോയത്. 10 പേർ സൗദിയിൽ മരിച്ചു.
70 വിമാനങ്ങളാണ് ഹജ്ജ് സർവീസ് നടത്തിയത്. മക്കയിലും മദീനയിലും ഹാജിമാർക്ക് സേവനം ചെയ്യുന്നതിന് വിവിധ വകുപ്പുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 28 ജീവനക്കാരെ വൊളന്റിയർമാരായി നിയോഗിച്ചിരുന്നു. കൂടാതെ മക്കയിലും മദീനയിലും ഏകോപനം നടത്തുന്നതിന്നായി ജാഫർ മാലിക്കിനെ സർക്കാർ നോഡൽ ഓഫീസറായും നിയമിച്ചിരുന്നു. മടങ്ങിയെത്തുന്ന ഹാജിമാരുടെ സേവനത്തിന്നായി സർക്കാർ 11 ഉദ്യോഗസ്ഥരെയും നിയമിച്ചു