സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ. ഇത്തവണ 52 ദിവസമായിരിക്കും. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കും.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങൾ കൈക്കൊള്ളണം.
അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകും. കടൽ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ബയോമെട്രിക് ഐ.ഡി. കാർഡ്/ആധാർ കാർഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കും.
ജൂൺ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിംഗ് ബോട്ടുകൾ എല്ലാം കടലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈൻ എൻഫോഴ്സുമെന്റും കോസ്റ്റൽ പോലീസും ഉറപ്പാക്കും. ട്രോളിങ് നിരോധനം ലംഘിയ്ക്കുന്ന ട്രോൾ ബോട്ടുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
ട്രോളിങ് നിരോധന കാലയളവിൽ ഇൻബോർഡ് വളളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവിൽ കടലിൽ രക്ഷാപ്രവർത്തനങ്ങൾ വേണ്ടിവരുമ്പോൾ ഫിഷറീസ് വകുഷ് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവ ഏകോപനത്തോടെ പ്രവർത്തിക്കണം.