തമിഴ്നാട് : ഇ-പാസ് നിയന്ത്രണവും കനത്ത മഴയും മൂലം ഊട്ടിയിലും കൊടൈക്കനാലിലും ടൂറിസം രംഗത്തുണ്ടായ പ്രതിസന്ധി ബാധിച്ചത് മലയാളി സംരംഭകരെയും. തമിഴ്‌നാട്ടിലെ ഈ ടൂറിസം സെന്ററുകളില്‍ ഹോംസ്‌റ്റേയും ഹോട്ടലുകളും നടത്തുന്ന മലയാളികള്‍ ജീവനക്കാരുടെ ശമ്പളം പോലും കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
ഊട്ടിയിലും കൊടൈക്കനാലിലും ഇ-പാസ് നിലവില്‍ വന്നിട്ട് രണ്ടാഴ്ചയായി. മെയ് 7നുശേഷം ഈ രണ്ട് ഹില്‍സ്‌റ്റേഷനുകളിലും എത്തുന്നവരുടെ എണ്ണം നേര്‍പകുതിയായി കുറഞ്ഞിരുന്നു. എന്നാല്‍ ഇ-പാസ് യാത്രക്കാര്‍ക്ക് യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് ബോധ്യമായതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ പുരോഗതിയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മഴയും മണ്ണിടിച്ചിലും ഉണ്ടാകുന്നത്. ഇതോടെ സിംഹഭാഗം ബുക്കിംഗുകളും റദ്ദാക്കപ്പെട്ടു.
മാസം 50,000 രൂപ മുതല്‍ രണ്ടുലക്ഷം രൂപ വരെ വാടക നല്‍കിയാണ് പലരും ഹോംസ്‌റ്റേയും റിസോര്‍ട്ടുകളും നടത്തുന്നത്.
കഴിഞ്ഞവര്‍ഷം ഈ സമയത്ത് കൊടൈക്കനാലില്‍ കാലുകുത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാം മാറിമറിഞ്ഞു. സീസണ്‍ സമയത്തെ ബിസിനസ് പ്രതീക്ഷിച്ചാണ് പലരും ഇവിടങ്ങളില്‍ വലിയ തുക മുടക്കി കെട്ടിടങ്ങള്‍ ലീസിനെടുക്കുന്നത്. ആളുകളുടെ വരവ് കുറഞ്ഞതോടെ പല സ്ഥാപനങ്ങളും ജീവനക്കാരെ നിര്‍ബന്ധിത അവധിക്ക് അയയ്ക്കുകയാണ്. ഇത്തവണത്തെ ഊട്ടി പുഷ്പമേളയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ അധികൃതര്‍ നടത്തിയിരുന്നു. വലിയ തിരക്ക് പരിഗണിച്ച് മേള നേരത്തെ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിന്റെ പകുതിപോലും സന്ദര്‍ശകരെത്തിയില്ല. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം 30,000 പേരില്‍ കൂടുതല്‍ വന്നിടത്ത് പല ദിവസങ്ങളിലും 10,000 സന്ദര്‍ശകര്‍ പോലും എത്തിയില്ല.
25,000-30,000 രൂപ വരെ പ്രതിദിനം ലഭിച്ചിരുന്ന വഴിയോര കച്ചവടക്കാര്‍ക്ക് 5,000 രൂപ പോലും കിട്ടാത്ത അവസ്ഥയാണുള്ളത്.
ഇ-പാസിന്റെ പ്രതിസന്ധി മാറിവന്ന സമയത്ത് അപ്രതീക്ഷിതമായെത്തിയ മഴ പലരുടെയും ജീവനോപാധി തന്നെയാണ് ഇല്ലാതാക്കിയത്.