2023 ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ് മികച്ച ചിത്രം. ആനന്ദ് ഏകർഷിയാണ് മികച്ച സംവിധായകൻ. ഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ചിത്രം ആട്ടം) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം ശ്രീനിവാസന് സമ്മാനിക്കും.
69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ.ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
സംവിധായകൻ രാജസേനന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് നൽകും. നടനും നിർമ്മാതാവുമായ മുകേഷ്, പ്രമുഖ നിർമ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടൻ പ്രേംകുമാർ, ചിത്രസംയോജക ബീന പോൾ വേണുഗോപാൽ, തെന്നിന്ത്യൻ നടിയും സംവിധായകയുമായ സുഹാസിനി മണിരത്നം, എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.