നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര നീതിന്യായ ദിനത്തോടനുബന്ധിച്ചാണ് വിദ്യാർത്ഥികൾക്കിടയിൽ നിയമ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ഒരു പൗരൻ എന്ന നിലക്ക് നമ്മുടെ അവകാശങ്ങളെക്കുറിച്ച് മാത്രമല്ല ഉത്തരവാദിത്വങ്ങളെ കുറിച്ചും നാം ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർഥികൾക്ക് ഉദ്ബോധനം നൽകി. ഒരു പ്രശ്നമുണ്ടാകുമ്പോൾ എങ്ങനെയാണ് നിയമസംവിധാനം പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം എന്നതിനെക്കുറിച്ചും വിശദമായി സംസാരിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ അഭിഭാഷകനായ അഡ്വക്കേറ്റ് സൈദ് ക്ലാസിന് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട് കിനാതിയിൽ സാലിഹ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി. അബ്ദുൽ അസീസ് സ്വാഗതവും എൻഎസ്എസ് വളണ്ടിയർ അദിൻ കൃഷ്ണ നന്ദിയും പറഞ്ഞു. പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി പ്രസൂൺ റാം, പാരാലീഗൽ വളണ്ടിയർമാരായ അബൂബക്കർ, ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.

Previous Post Next Post