നിപ ബാധയെന്ന് സംശയം; 14കാരൻ്റെ നില അതീവ ഗുരുതരം, സമ്പർക്കപ്പട്ടികയിലുള്ളവർ നിരീക്ഷണത്തിൽ

 കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്‌ക്കയച്ചു. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.

മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് ചികിത്സയിലുള്ളത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ചികിത്സ തേടിയ കുട്ടിയെ നിപ ലക്ഷണങ്ങൾ കണ്ടതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേർ നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോൾ പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

2018 മുതൽ ഇതുവരെയുള്ള കാലയളവിൽ നാല് തവണയാണ് കേരളത്തിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ തവണ നിപ രോഗബാധയെ തുടർന്ന് 17പേർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു. 2021ൽ 12കാരനും 2023 ഓഗസ്റ്റിലും സെപ്‌തംബറിലുമായി രണ്ടുപേരും മരിച്ചു.


Previous Post Next Post